2024 ജൂലൈ 10, ബുധനാഴ്‌ച

കൊതിച്ചോറ്

കുട്ടിനിന്നുചിണുങ്ങുന്നു, കെട്ടിയോൾ തട്ടുപാത്രമൊരുക്കുമാ വേളയിൽ,  കെട്ടുപൊട്ടിയപട്ടമായെൺപത്തി-യെട്ടിലേക്കുകുതിച്ചുടനെൻമനം

എട്ടിലെട്ടുചേർക്കും കണക്കിട്ടാഞ്ഞു-തട്ടി, മേശയിളകിഗർജ്ജിക്കവേ ഞെട്ടിഞാൻ തിരിച്ചെത്തി, കഞ്ഞിപ്പുരേ-ലൊട്ടിനിന്നൊരെൻ ചിത്തവുമായുടൻ

വിട്ടുപോരാൻ മനസ്സില്ലയത്രമേൽ മുട്ടിലെന്നേയിഴച്ചിടുന്നെങ്കിലും കെട്ടടങ്ങാതെരിയും ചെറുകുടൽ തട്ടിയെൻമനമെത്തിയുടലിലായ്

മുട്ടിടും മണിനാദം ശ്രവിക്കുവാൻ മുട്ടിനില്ക്കും മനമുണ്ടോ കടിഞ്ഞാൺ-കെട്ടിൽനില്ക്കാൻ ശ്രമിക്കുന്നു,ടൻ കെട്ടു-                                    പൊട്ടിയോടാൻ തുടിക്കുന്നു പിന്നെയും

തൊട്ടരികത്തണഞ്ഞൂ ഗുരുവൊരു  പട്ടിക തരമാകാൻ പറഞ്ഞുടൻ    കുട്ടികൾ ചിരിക്കുന്നുണ്ട,തപ്പോഴും മുട്ടുകേൾക്കാനുഴറുന്നുണ്ടെൻമനം

കൂട്ടലൊക്കെപ്പിഴച്ചെന്റെ മാനസം കൂട്ടിലായ,മാൻപേടപോൽ തേങ്ങവേ കാട്ടുതീ കെടുത്താൻ വെമ്പി,പ്രാർത്ഥനാ-നോട്ടമോടെപ്പരതീ ശിപായിയെ

കേട്ടതാ മുഴക്കം, കൂട്ടമത്സര-യോട്ടമല്ലതിലാരെ ജയിച്ചിടും; ചാട്ടുളീശരവേഗവും തോല്ക്കുമ-ക്കാട്ടുവേട്ടപ്പരാക്രമക്കൂട്ടരിൽ

ഒട്ടുനേരമില്ലാർത്തിയോടേ, ജലം തൊട്ടിടാതുപ്പുമാവകത്താക്കയാൽ തട്ടി,നെഞ്ചിൽ തടഞ്ഞുവിങ്ങുന്നതിൻ മുട്ടലിന്നും ഉയിർക്കുന്നിതോർമ്മയിൽ

മുട്ട വേണ്ടെന്നുരച്ചുച്ച ഭക്ഷണം തട്ടിമാറ്റുന്നൊരെൻ കുഞ്ഞറിഞ്ഞുവോ കുട്ടിയായനാളിൽ പൊതിച്ചോറിന്റെ കെട്ടുകാണാൻ കൊതിച്ചൊരെൻ മാനസം

2021 ഏപ്രിൽ 2, വെള്ളിയാഴ്‌ച

റെജിസ്റ്റേഡ്

കല്ലുകളി മൂത്തുടക്കിപ്പിണങ്ങീട്ടു

തല്ലുപിടിച്ചോരുവേനലവധിയിൽ

ബെല്ലടികേട്ടുമ്മറത്തതാ സൈക്കിളിൽ

പല്ലിളിച്ചെത്തി നിൽക്കുന്നിതാ പോസ്റ്റ്മാൻ

ചില്ലലമാര ചരിക്കുന്നമാതിരി-
ത്തെല്ലുമുഴുത്തൊരു കണ്ണടയും സ്ഥിരം
എല്ലുതെളിഞ്ഞുകാണും തോളിലെപ്പോഴു-
മള്ളിയിരിക്കുന്ന കാലൻകുടയുമായ്‌

മെല്ലെയിറങ്ങിനിന്നൂ ഗർവ്വാൽ കൈകാട്ടി-
ച്ചെല്ലുവാൻ ചൊന്നു രജിസ്റ്റേഡിലൊപ്പിടാൻ
തെല്ലത്ഭുതം പൂണ്ടുകേട്ടൂ; 'പിഴച്ചിതോ!
ഇല്ലായ്മതങ്ങുമീ വീട്ടിലേക്കോ ഭവാൻ?'

'തെറ്റിയതാകാമിച്ചെറ്റയിലേയ്ക്കാരീ-
ലെറ്ററയയ്ക്കുവാൻ?' കേട്ടുടൻ സോദരി
ചുറ്റുപാടൊക്കെത്തിരിഞ്ഞ,യടുത്തൂണു-
പറ്റുവാൻ പോന്നയിയാൾക്ക് പിഴയ്ക്കുമോ?

'തെറ്റിയതല്ലിതൊന്നൊപ്പിട്ടുതന്നു കൈ-
പ്പറ്റുവാൻ പറ്റിയതാരുണ്ട് നിങ്ങളിൽ?'
തെറ്റാതെയന്നുപ്രോഗ്രസ്സുകാർഡൊപ്പിട്ടു
പറ്റിച്ചതോർത്തുട,ന്നദ്ധ്യാപികയെ; ഞാൻ

ഒപ്പിട്ടുവാങ്ങുന്നതിന്നുടൻ കൈമട-
ക്കൊപ്പം കൊടുക്കണം കീഴ്‌വഴക്കം തഥാ
തപ്പിത്തുടങ്ങിയടുക്കളേലമ്മതൻ
കുപ്പിയും ജീരകപ്പാട്ടകളും വൃഥാ

എപ്പഴോ കൈമുതലായ് വെച്ച നാണയ-
മപ്പോഴാണോർമ്മയിൽ വന്നുകൈവന്നതും
ഇപ്പഴും പോകാതെ പോകാനൊരുമ്പെടും
അപ്പഴഞ്ചൻ സൈക്കിൾ ചെന്നുതടുത്തതും

അത്ഭുതം വിട്ടുമാറാതേകുഴിഞ്ഞക-
ണ്ണപ്പോളടിമുടിയെന്നേയുഴിയവേ
ഉത്ഭവിക്കുന്ന ജിജ്ഞാസയകറ്റുവാൻ
അല്പവും കാക്കാതക്കത്തു പൊട്ടിച്ചവൾ

ആണ്ടുതികഞ്ഞിപ്പതിനഞ്ചു നാൾക്കകം
പണ്ടപ്പണയം തിരിച്ചെടുക്കായ്കയിൽ
ആണ്ടവനാണേ, പണ്ടം ലേലമാക്കിടും
വേണ്ടവനാണേൽ പണം കെട്ടി വാങ്ങണം 

ചിട്ടി തികയാതെ വന്നതിലമ്മാവൻ
കെട്ടുതാലി വരെ വെച്ചുകടൽതാണ്ടി-പ്പട്ടിണി മാറ്റാനുഴയ്ക്കെക്കഴിയാതെ പെട്ടിയിൽ വെച്ചൊരീ ചീട്ടേമറന്നതാം

കപ്പലണ്ടിക്കായിക്കൂട്ടിവച്ചോരഞ്ചു-
റുപ്പിക പോയതിലല്ല ദെണ്ണം അവൾ
എപ്പഴുമോതിക്കളിയാക്കിടുന്നതി-
ന്നിപ്പഴുമോർത്തുചിരിക്കുമേകാന്തമായ്.

2017 ഓഗസ്റ്റ് 28, തിങ്കളാഴ്‌ച

ഞാൻ മാവേലിയായാൽ

മാവേലിയായി ഞാൻ വാണീടുകിലുടൻ
മാമലനാടുവിട്ടൊടും
മഞ്ഞും മരതകപ്പച്ചയും കാക്കുമാ
ചൈനയിലെങ്ങാനും വാഴും

ചിങ്ങമാകുമ്പോളസിസ്റ്റെന്റിനേവിട്ടു
ഇൻസ്റ്റന്റ് വിഷ്ഷസു നൽകും
തള്ളിക്കളയുവാനൊക്കാത്ത ഭക്തർക്കു
സ്കൈപ്പിൽ നേരിട്ടതും നൽകും

പൂവുകൾ വാങ്ങിയത്തപ്പൂവിടുന്നോരുടെ
വീട്ടിലേയ്ക്കാളേവിടില്ല
വാടിയിൽ നട്ടു നനച്ചുവളർത്തിയ
വീട്ടുകാർക്കേകും പ്രയിസ്സ്

കോടികൾ ചേർത്തതിൽ കോടി വാങ്ങുന്നൊരീ
കീടങ്ങളോടുമിണ്ടില്ല
പാടുപെട്ടുണ്ടാക്കി വാങ്ങിവെച്ചുണ്ണുന്ന
പാവത്തോടൊത്തിരുന്നുണ്ണും

2017 ഓഗസ്റ്റ് 27, ഞായറാഴ്‌ച

തൊണ്ടവരണ്ടമന്നൻ

പണ്ടുകുണ്ടിൽപതിച്ച, പവിത്രമാം
തണ്ടൊടിഞ്ഞ തൻ ഓലക്കുടയുമായ്
ഇണ്ടലെല്ലാം മറന്നുമാവേലിയാ-
വണ്ടിയോടുന്ന വീഥിയിലെത്തവേ
കണ്ടു വീഥിതൻ വക്കിൽ നിശ്ശബ്ദരായ്
രണ്ടു ഫർലോങ്ങുദൂരത്തിലായ് വരി-
യുണ്ടി,തൊക്കെയുമക്ഷമരാണവർ
കണ്ടുനില്ക്കുന്നവർക്കിണ്ടലാം വിധം
ഞൊണ്ടിയോടുന്നൊരുത്തനെ തന്റെകൈ-
ത്തണ്ടകൊണ്ടു തടുത്തുടൻമന്നനും
തൊണ്ട നന്നായ് കനട്ടിയും ഭവ്യമായ്-
കൊണ്ടുകേ"ട്ടവിടെന്തെടൊ സംഭവം?"
മണ്ടനാണോയിവനെന്നുള്ളമട്ടിലാ-
രണ്ടുകണ്ണും തുറിച്ചൊന്നുഴിഞ്ഞവൻ
ഞൊണ്ടലുള്ള കാലൂന്നിനിന്നോതിനാൻ
മണ്ടിടുന്നു ഞാൻ തൊണ്ട നനയ്ക്കുവാൻ
'പണ്ടുഞാൻ നാടുവാണിരുന്നപ്പൊഴീ
തുണ്ടിലും പുഴയുണ്ടായിരുന്നെടോ
കണ്ടമേറെനിറഞ്ഞുകവിഞ്ഞതും
കൊണ്ടുപോരാ, വരിനിന്നു വാങ്ങണോ?'
'പണ്ടുവാമനൻ ചെയ്തതത്രേ ശരി
മണ്ടനായവൻ മന്നനായീടുമോ?,
തണ്ട വിറ്റും, മിനുങ്ങാൻ കുറഞ്ഞതു-
രണ്ടുകുപ്പിയില്ലേലെന്തൊരോണമാ
തൊണ്ടനന്നേ വരണ്ടു വിയർക്കയിൽ
തുണ്ടെടുത്തുവിയർപ്പൊപ്പി മന്നനാ-
തണ്ടൊടിഞ്ഞ തൻ ഓലക്കുട താഴ്ത്തി-
ക്കൊണ്ടു വേഗം വലിഞ്ഞൂ തടിയുമായ്

പൊന്നിൻ ചിങ്ങം

പൊന്നിൻ ചിങ്ങത്തേരിലേറി വന്നു പൊന്നോണം
പൊന്നണിഞ്ഞ മാമല നാടിന്റെയാഘോഷം
പൂമരങ്ങൾ താലമേന്തിയെങ്ങുമണഞ്ഞു
പൂവിളികൾ കൊണ്ടുനാടിന്നാകെയുണർന്നു

പൂത്തുമ്പിപ്പെണ്ണൊരുങ്ങി നൃത്തമാടുന്നേ
പൂവാകയിൽ കിളികൾ ഒത്തുപാടുന്നേ
പൂമേടയും കുടിയും ഒത്തുണരുന്നേ
പൂ ചൂടി മങ്കമാർ വന്നൊത്തുചേരുന്നേ

ആമോദത്താലെയർക്കൻ പുഞ്ചിരിക്കുന്നേ
കാർമേഘജാലമൊക്കെ മാറിനില്ക്കുന്നേ
ആനന്ദത്താലെ മന്നൻ വന്നണയുന്നേ
ഏവർക്കും സർവ്വമംഗളങ്ങൾ നേരുന്നേ 

2015 മാർച്ച് 24, ചൊവ്വാഴ്ച

കാട്ടിലെ പൂവ് ++

എരിയുന്നവെയിലിനോടെതിരിടുന്നുപ്പാ
അതുനിന്നെയൂട്ടാനാണെന്നേയുറപ്പാ
പുഞ്ചിരി തൂകിപ്പറന്നൂനടപ്പാ
ഉരുകുമൊരുള്ളാർക്കും കാട്ടില്ലുറപ്പാ

കലങ്ങുമക്കണ്ണീന്നൊലിക്കുന്നതുപ്പാ
കഥനങ്ങളുള്ളിലൊളിപ്പിച്ചചെപ്പാ
നീയൊന്നടുത്താലാ ശബ്ദം കടുപ്പാ
ഉള്ളിന്റെയുള്ളിലോ നീയെന്നിടിപ്പാ

കേട്ടാലതൊക്കെക്കൊടുക്കാൻ തുടിച്ചാ
തീക്കട്ട കൈകളിലേന്തീ നടപ്പാ
തേയും ചെരുപ്പിന്റടിയിൽ നെരുപ്പാ- നിൻ
തേങ്ങലടക്കുവാനുള്ള കുതിപ്പാ

ഒരുവാരയകലെ നീയായാലിരുകണ്ണും,
ഇരുകൈയും മേലോട്ടുയർത്തും നിന്റുപ്പാ
ഇരവെല്ലാമിറയോനോടഴുതുവിളിപ്പാ
ഇഹവും പരവും നിന്നെ കാക്കാൻ കൊതിച്ചാ

നേട്ടം നിനക്കാകണം എന്നയാശ
കോട്ടം പൊറുത്തൂർജ്ജം നല്ക്കും പ്രത്യാശ
കാട്ടിൽ വിരിഞ്ഞോരുപൂവിന്റെ ചേലാ
കണ്ടെത്തും മുന്നേ കൊഴിയുന്നപോലാ

ഒരുജന്മം കൊണ്ടുതീരാത്തകുറിപ്പാ
ഒടുവിൽ ഒഴിവാക്കാനെടുക്കും കറിവേപ്പാ
വിട വാങ്ങിടുമ്പോൾ നീ പറയും ഉറപ്പാ
"ഈയുള്ളം ഞാൻ മാത്രം കണ്ടില്ലെന്റുപ്പാ"