കുട്ടിനിന്നുചിണുങ്ങുന്നു, കെട്ടിയോൾ തട്ടുപാത്രമൊരുക്കുമാ വേളയിൽ, കെട്ടുപൊട്ടിയപട്ടമായെൺപത്തി-യെട്ടിലേക്കുകുതിച്ചുടനെൻമനം
എട്ടിലെട്ടുചേർക്കും കണക്കിട്ടാഞ്ഞു-തട്ടി, മേശയിളകിഗർജ്ജിക്കവേ ഞെട്ടിഞാൻ തിരിച്ചെത്തി, കഞ്ഞിപ്പുരേ-ലൊട്ടിനിന്നൊരെൻ ചിത്തവുമായുടൻ
വിട്ടുപോരാൻ മനസ്സില്ലയത്രമേൽ മുട്ടിലെന്നേയിഴച്ചിടുന്നെങ്കിലും കെട്ടടങ്ങാതെരിയും ചെറുകുടൽ തട്ടിയെൻമനമെത്തിയുടലിലായ്
മുട്ടിടും മണിനാദം ശ്രവിക്കുവാൻ മുട്ടിനില്ക്കും മനമുണ്ടോ കടിഞ്ഞാൺ-കെട്ടിൽനില്ക്കാൻ ശ്രമിക്കുന്നു,ടൻ കെട്ടു- പൊട്ടിയോടാൻ തുടിക്കുന്നു പിന്നെയും
തൊട്ടരികത്തണഞ്ഞൂ ഗുരുവൊരു പട്ടിക തരമാകാൻ പറഞ്ഞുടൻ കുട്ടികൾ ചിരിക്കുന്നുണ്ട,തപ്പോഴും മുട്ടുകേൾക്കാനുഴറുന്നുണ്ടെൻമനം
കൂട്ടലൊക്കെപ്പിഴച്ചെന്റെ മാനസം കൂട്ടിലായ,മാൻപേടപോൽ തേങ്ങവേ കാട്ടുതീ കെടുത്താൻ വെമ്പി,പ്രാർത്ഥനാ-നോട്ടമോടെപ്പരതീ ശിപായിയെ
കേട്ടതാ മുഴക്കം, കൂട്ടമത്സര-യോട്ടമല്ലതിലാരെ ജയിച്ചിടും; ചാട്ടുളീശരവേഗവും തോല്ക്കുമ-ക്കാട്ടുവേട്ടപ്പരാക്രമക്കൂട്ടരിൽ
ഒട്ടുനേരമില്ലാർത്തിയോടേ, ജലം തൊട്ടിടാതുപ്പുമാവകത്താക്കയാൽ തട്ടി,നെഞ്ചിൽ തടഞ്ഞുവിങ്ങുന്നതിൻ മുട്ടലിന്നും ഉയിർക്കുന്നിതോർമ്മയിൽ
മുട്ട വേണ്ടെന്നുരച്ചുച്ച ഭക്ഷണം തട്ടിമാറ്റുന്നൊരെൻ കുഞ്ഞറിഞ്ഞുവോ കുട്ടിയായനാളിൽ പൊതിച്ചോറിന്റെ കെട്ടുകാണാൻ കൊതിച്ചൊരെൻ മാനസം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ